Main

November 16, 2006

മലയാളിയുടെ മൊട പുരാണം

ലോകത്തില്‍ 'മൊട' എന്ന സാധനം കണ്ടു പിടിച്ചതു മലയാളികള്‍ ആണെല്ലാവര്‍ക്കും അറിയാമല്ലൊ. നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ടാവും എന്തു കൊണ്ടാണ്‌ മലയാളിക്കു മാത്രം ഇത്ര മൊട എന്ന്. അതിന്‌ ഒരു ചരിത്രപരമായ കാരണം ഉണ്ട്‌.

കേരളം ഉണ്ടായത്‌ പരശുരാമന്‍ മഴു എറിഞ്ഞാണെന്നറിയാമല്ലൊ? കുറെ സ്ഥലം കിട്ടാന്‍ വേണ്ടി (അദ്ദേഹം ലാന്റ്‌ മാഫിയ ടൈപ്പ്‌ ആയിരുന്നു) മഴു മുഴുവന്‍ ശക്തിയും എടുത്താണ്‌ എറിഞ്ഞത്‌. അങ്ങനെ എറിഞ്ഞപ്പോള്‍ തലക്ക്‌ എളക്കം തട്ടി! പരശുരാമന്റെ സന്തതി പരമ്പരയായ നമ്മള്‍ക്കെല്ലാം അങ്ങനെ മൊട എന്ന സാധനം ഉണ്ടായി!

മലയാളി മൊടകള്‍ക്കു ചില ഉദാഹരണങ്ങള്‍ നോക്കാം.

സാധാരണ മലയാളികള്‍ കൊടുക്കുന്ന കരം ഉപയോഗിച്ചാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തീറ്റിപോറ്റുന്നത്‌. എന്തെങ്കിലും ആവശ്യത്തിനു സര്‍ക്കാര്‍ ഓഫിസില്‍ ചെന്നാല്‍ അവിടെ ഇരിക്കുന്നവന്റെ മൊട കാണേണ്ടതു തന്നെ. ശ്രീ ബുദ്ധനു പോലും അവിടെ ഇരിക്കുന്നവന്റെ മോന്തക്കു രണ്ടെണ്ണം കൊടുക്കാന്‍ തോന്നും!

തിരുവനന്തപുരത്തെ വ്യാപാരികള്‍ക്ക്‌ കടയില്‍ വലിയ മൊട ആണ്‌. 'വേണമെങ്കില്‍ വാങ്ങിച്ചോടാ' എന്നാണവന്മാരുടെ ഭാവം.

റോഡില്‍ക്കൂടെ പോകുമ്പോള്‍ ചില തടിയന്മാര്‍ റോഡിന്റെ നടുവില്‍ മൊടയൊടെ നില്‍ക്കുന്നതു കാണാം. 'വെണമെങ്കില്‍ എന്റെ നെഞ്ചത്തു കൂടെ എടുക്കെടാ എന്നാണു' ഭാവം.

തല്‍ക്കാലം നിര്‍ത്തുന്നു. എന്നെപ്പോലെ നല്ലവര്‍ക്കു ഇതില്‍ എന്തു കാര്യം?

November 15, 2006

"എന്റെ ഖല്‍ബിലെ" എന്ന പാട്ടിനെ കൊന്നു കൊല വിളിക്കുന്നു

എന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വെച്ചൊരെന്‍
ചില്ലു ഗ്ലാസിലൂറും ലിക്കെറൊന്നു വേണ്ടേ..
ലിക്കെറൊന്നു വേണ്ടേ..നല്ല വീശുകാരാ.. റമ്മിന്റെ കൂട്ടുകാരാ

നിന്റെ ഗ്ലാസിലെ 100 മില്ലിയില്‍...
നിന്റെ ഗ്ലസിലെ 100 മില്ലിയില്‍ ഐസുകട്ടയാവാം

നിന്റെ കൈയിലെ പെഗ്ഗു തീരുമ്പോ വീണ്ടും ഫിക്സു ചെയ്യാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം

നിന്റെ കീശേലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കാം(എന്റെ റമ്മിലെ...)

തൊട്ടു കൂട്ടുവനുള്ള പിക്കിളും...
തൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്ന പോലെ

തൊട്ടടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മൊനെ
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വെക്കുവാന്‍
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വെക്കുവാന്‍

ഏത്‌ രമ്മെത്ര കുപ്പി വേണെലും വീണ്ടും നല്‍കിടാം ഞാന്‍ ...( ഏന്റെ റമ്മിലെ...)

മണ്ടന്മാര്‍ കേരളത്തില്‍

നമസ്കാരം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പെ കേരള ജനതയെ ആകമാനം കൊരിത്തരിപ്പിച്ച ഒരു തീരുമാനം നമ്മുടെ കേരള സര്‍ക്കാര്‍ എടുത്ത വിവരമറിയമോ? നമ്മുടെ കേരള രാജ്യത്തില്‍ കൊക്ക കോളയും പെപ്സിയും നിരോധിച്ചു! കാരണമെന്തന്നൊ? അവയില്‍ കീടനാശിനി ഉണ്ടു പോലും! ഇത്രയും പ്രജകളോടു സ്നേഹമുള്ള സര്‍ക്കാര്‍ ലോകത്തെവിടെയെങ്കിലും ഉണ്ടോ മാലോകരെയ്‌?

ആരാണു ഇങ്ങനെ കീടനാശിനി ഉണ്ടെന്നു പറഞ്ഞത്‌? പണി ഒന്നും ഇല്ലാതെ ഇരിക്കുന്ന ഒരു കൂട്ടം പരിസ്തിതി തീവ്രവാദികള്‍ ഡില്ലി മഹാരാജ്യത്തില്‍ ഇരിപ്പുണ്ട്‌. അവന്മാര്‍ മിക്കവരും പെപ്സി/കോക്ക്‌ തുടങ്ങിയവയുടെ അടുത്ത്‌ പിരിവിനു ചെന്നു കാണും. കിട്ടിയില്ല എന്നു പ്രത്യേകം പറയണോ!

ഇനി നമ്മുക്ക്‌ തിരുവനന്തപുരം നഗരത്തിലെ ലക്ഷക്കണക്കിനു ആള്‍ക്കാര്‍ കുടിക്കുന്ന വെള്ളം എങ്ങനെയെന്നു നോക്കാം. ഈ വെള്ളം പമ്പ്‌ ചെയ്യുന്നത്‌ അരുവിക്കര എന്ന സ്ഥലത്തു നിന്നാണ്‌. അവിടെ പോയാല്‍ വെള്ളത്തില്‍ ഇഷ്ടം പോലെ ചത്ത പശുക്കളും മനുഷ്യന്റെ തീട്ടവും ഒഴുകി നടക്കുന്നത്‌ കാണാം! പിന്നെ കുടിക്കുന്നവര്‍ പെട്ടെന്നു തട്ടിപോകാതിരിക്കാന്‍ കുറെ ലോഡ്‌ ക്ക്ലോറിന്‍ കൂടെ ചേര്‍ത്തു അങ്ങു പമ്പ്‌ ചെയ്യും! ചില മണ്ടമാര്‍ വിചാരിക്കുന്നതു ക്ക്ലോറിന്‍ ഇട്ടാല്‍ കീടനാശിനികള്‍ വരെ ഉരുകി പോകും എന്നാണ്‌!

ഇതിന്റെ എറ്റവും വലിയ രസം ഇതാണ്‌. എറ്റവും സുരക്ഷിതമായ വെള്ളം ഭൂഗര്‍ഭ ജലം ആണല്ലോ?. അതെടുത്താണു പ്ലാച്ചിമടയില്‍ കൊക്ക കോള ഉണ്ടാക്കുന്നത്‌. അതു കൊണ്ടാണല്ലോ അവിടെ സമരം കൊടുമ്പിരിക്കൊള്ളുന്നത്‌?

ഇപ്പോള്‍ പഴയ സോഡാകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്‌. ഈ സോഡാകള്‍ക്കൊരു ഗുണമുണ്ട്‌. പലതും ഓടയില്‍ നിന്നുള്ളതാണ്‌. വയറിളക്കാന്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ കുറിച്ചു കൊടുക്കുന്നത്‌ ഈ ലോക്കല്‍ സോഡാകള്‍ ആണത്രേ!

ഓട്ടോയുടെ പുറകില്‍ കണ്ടത്‌

ഓട്ടോയുടെ പുറകില്‍ കണ്ടത്‌ - 'ഇഷ്ടമാണു പക്ഷെ ഉമ്മ വേണ്ട'

November 14, 2006

ടിവിയില്‍ കേട്ടത്‌

പതിനായിരം രൂപ കൊടുത്തു വാങ്ങിയ ആന പല്ലു തേക്കുന്നില്ല, പിന്നെയാണു ഞാന്‍!

November 13, 2006

മലയാളം സീരിയല്‍ എന്ന മാരണം

എന്റെ മലയാളം ബ്ലൊഗിലേക്കു സ്വാഗതം. ആദ്യത്തെ ലേഖനം തന്നെ ഒരു മാരണത്തെക്കുറിച്ചാകുന്നത്‌ അത്ര ശുഭകരം അല്ല. എന്നാലും!

ഇപ്പോള്‍ കേരളത്തില്‍ മലയാളം ടിവി ചാനലുകള്‍ കൂണു പോലെ മുളയ്ക്കുകയാണ്‌. ഇവയെല്ലാം കൂടെ പടച്ചു വിടുന്ന സീരിയലുകള്‍ സഹിക്കാന്‍ പറ്റാവുന്നതിനപ്പുറമാണ്‌. കേരള ജനതയെ ദുഷിപ്പിക്കുന്ന ഒന്നാണീ സീരിയലുകള്‍.

പല സീരിയലുകളും വലിയ കുഴപ്പം ഇല്ലാതെ ആണു തുടങ്ങുന്നത്‌. പക്ഷെ തുടങ്ങിയാല്‍ KSRTC ബസ്സ്‌ പോലെയാണ്‌. ബ്രേക്ക്‌ ഇല്ലാതെ ഓടും, ആക്ക്സിഡെന്റ്‌ നടന്നാല്‍ നിക്കും. നിര്‍മ്മാതാക്കള്‍ സീരിയലിനെ വലിച്ചു നീട്ടി മലയാളിയെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വലിച്ചു നീട്ടല്‍ ഹിന്ദുസ്റ്റാന്‍ ലാറ്റെക്സിന്റെ ഉല്‍പ്പന്നത്തെപ്പോലും നാണിപ്പിക്കുന്നതാണ്‌!

എന്താണു മലയാളം സീരിയലുകള്‍ കാണിക്കുന്നത്‌? മിക്കതിലും കരച്ചില്‍ ഒഴിഞ്ഞിട്ടു നേരമില്ല! നായിക കരച്ചിലോടു കരച്ചില്‍ തന്നെ. എല്ലാവരും നായികയെ പീഡിപ്പിക്കുന്നു. പല സീരിയലിലും ബന്ധുക്കള്‍ തന്നെയാണു ശത്രുക്കള്‍! അപ്പന്‍ മകനെ കൊല്ലാന്‍ നോക്കുന്നു, അനിയന്‍ ചെട്ടനെ തട്ടാന്‍ ഗുണ്ടകളെ വിളിക്കുന്നു എന്നിങ്ങനെ വില്ലന്മരുടെ ഒരു അരങ്ങേറ്റം തന്നെ. "സ്ത്രീ" എന്ന സീരിയലിലെ (asianet) ഭാഷ കേട്ടാല്‍ മലയാളിയുടെ തല കറങ്ങിപ്പോകും! ഒരു സീരിയലില്‍ ചേട്ടനു രാത്രി മുറി മാറിപ്പോകുന്നു. ഫലമൊ? അനിയന്റെ ഭാര്യക്കു ചേട്ടന്റെ കുട്ടി കിട്ടി! എന്റമ്മൊ, എന്നെ കൊല്ല്!!!

മിക്ക സീരിയലുകളുടെ കഥ പെട്ടെന്നു മാറും. നടനു പനി വന്നാല്‍ കഥാപാത്രം ഒന്നുകില്‍ തട്ടി പോകും അല്ലെങ്കില്‍ വിദേശത്തു പോകും. മിക്കവാറും എല്ലാ സീരിയലുകളും ഓര്‍ക്കാപ്പുറത്തവസാനിക്കും. എന്തു സംഭവിച്ചു എന്ന്‌ ആര്‍ക്കും ഒരു പിടിയും ഇല്ല!

മലയാളി മനസുകളെ ദുഷിപ്പിക്കുന്ന ഈ സീരിയലുകളെ ഉടന്‍ നിയന്ത്രിക്കേണ്ടതാണ്‌. സീരിയലുകള്‍ കണ്ടു സമനില തെറ്റിയ പലരെയും ഇന്നലെ മരുന്നു മേടിക്കാന്‍ പോയപ്പോള്‍ ഊളമ്പാറയില്‍ ഞാന്‍ കണ്ടു. പാവങ്ങള്‍...